Wednesday, February 5, 2014

മുറിവുണങ്ങും മുന്‍പേ ......


ബാലചന്ദ്രാ......
ബാലചന്ദ്രാ.......
രണ്ടാമത്തെ വിളി അല്പം ഉച്ചത്തില്‍ ആയിരുന്നു. ഞാന്‍ ഉറക്കത്തില്‍നിന്നും ഞെട്ടിയെഴുന്നേറ്റു. ഇന്നലെ എന്‍റെ ഉറക്കം കളഞ്ഞത് മണികണ്ഠന്‍റെ ഒരു മൊബൈല്‍ കാള്‍ ആയിരുന്നുവെങ്കില്‍ ഇന്ന് ഇതാ ബാലചന്ദ്രാ എന്ന വിളിയില്‍ ഞാന്‍ ഞെട്ടി ഉണര്‍ന്നിരിക്കുന്നു ആരാണ് തന്നെ വിളിച്ചത് ? സ്വപ്നമായിരിക്കുമോ ? അല്‍പനേരം ഞാന്‍ ചിന്തിച്ചിരുന്നു. സ്വപ്നത്തിന്‍റെ ഒരു നേര്‍ത്ത ചിത്രം പോലും ഓര്‍മ്മയില്‍ രൂപപ്പെടുന്നില്ല. ഇനി ഒരുതവണകൂടി ആ വിളി കേള്‍ക്കാന്‍ കഴിയുമോ..? ഇല്ല. എങ്ങും പൂര്‍ണ്ണ നിശബ്ദത, പുറത്ത് കനത്ത ഒരു മഴ പെയ്തൊഴിഞ്ഞിരിക്കുന്നു. ചിവീടുകളുടെ അവിരാമമായ രോദനം ഒരു നേര്‍ത്ത ശ്രുതി ഗീതം പോലെ എങ്ങും നിറഞ്ഞു നില്‍ക്കുന്നു.
പക്ഷെ, തന്നെ ആരോ വിളിച്ചിരിക്കുന്നു., അതുറപ്പ്‌ . ഒരു നിമിഷം ഉറങ്ങി കിടക്കുന്ന ഭാര്യയേയും മകളേയും നോക്കി. കട്ടിലിനരികില്‍ നിന്നും ടോര്‍ച്ച് കൈയ്യിലെടുത്തു, രണ്ടും കല്പിച്ചുറപ്പിച്ചു ഞാന്‍ എഴുന്നേറ്റു. പെട്ടെന്ന് കൈത്തണ്ടയില്‍ അനിതയുടെ പിടുത്തം വീണു
"എന്തുപറ്റി ചേട്ടാ."
"എന്നെ ആരോ വിളിച്ചപോലെ".
അവള്‍ കിടന്നുകൊണ്ട് മൊബൈല്‍ എടുത്ത് സമയം നോക്കി . രണ്ടു മണി കഴിഞ്ഞ് പത്തു മിനിട്ട്.
‘"ഈ നട്ട പാതിരക്കല്ലേ വിളിക്കുന്നത്‌? ചേട്ടന്‍ വല്ല സ്വപ്നവും കണ്ടുകാണും’." അമ്മുവിനെ കുറച്ചുകൂടി ചേര്‍ത്തുകിടത്തി അവള്‍ വീണ്ടും ഉറക്കത്തിലേക്ക്‌ ചുരുണ്ടു.
ബാലചന്ദ്രാ... എന്നുള്ള ആ  വിളി ഇപ്പോഴും കാതില്‍ തങ്ങി നില്‍ക്കുന്നു.
മുറ്റത്തേക്കുള്ള ലൈറ്റ് സ്വിച്ചില്‍ വിരല്‍ അമര്‍ത്തി. വാതില്‍ തുറക്കുന്നതിനുമുന്‍പ് ഒരുനിമിഷം ശങ്കിച്ചുനിന്നു. പിന്നെ തിരിച്ചുനടന്ന് മേശക്കടിയില്‍ ഒളിപ്പിച്ചു വച്ചിരുന്ന ഇരുമ്പുദണ്ട് കൈയിലെടുത്തു.
ഭയം തോന്നുന്നുണ്ടോ ? സ്വയം ചോദിച്ചുനോക്കി. ഇല്ല. എന്തിന്, ഇത്രയും കാലം രാതിയെന്നോപകലെന്നോ വേര്‍തിരിവില്ലാതെ ജോലിചെയ്തുപോന്ന തനിക്കു ഭയമോ ?. ജനല്‍ ഗ്രില്ലിനിടയിലൂടെ പുറത്തേക്കുനോക്കി . ആരും തന്നെയില്ല . വാതില്‍ തുറന്നു വരാന്തയിലേക്ക്‌ കടന്നുനിന്ന് ചുറ്റും ഒന്ന് കണ്ണോടിച്ചു. ഇരുട്ടിലേക്ക് ടോര്‍ച്ചിന്റെ വെളിച്ചം പായിച്ചു . ആരും തന്നെയില്ല . അപ്പോള്‍ ആ വിളി ഒരു തോന്നല്‍ തന്നെ ആയിരിക്കും എന്ന് ഉറപ്പിക്കാന്‍ ശ്രമിച്ചുകൊണ്ട്‌ മെല്ലെ തിരച്ചു നടക്കവേ പെട്ടെന്ന് എന്‍റെ കാലുകളെ നിശ്ചലമാക്കി ഗെയ്റ്റ്‌ ശബ്ദത്തോടെ തുറന്നു.
ഇരുട്ടില്‍ നിന്നും ഒരാള്‍ നടന്നു വരുന്നു... മുറ്റത്തെ നാട്ടുമാഞ്ചോട്ടിലെ ഇരുള്‍ വീണ നിഴല്‍ പരപ്പില്‍ അയാള്‍ വന്നു നിന്നു ..
"ക്ഷമിക്കണം , ഞാനാണ് ബാലചന്ദ്രനെ വിളിച്ചത്."
"മുന്നോട്ടു വരൂ . ഞാന്‍ പറഞ്ഞു"
വരാന്തയിലെ വെളിച്ചത്തിലേക്ക് അയാള്‍ കടന്നു നിന്നു .
ഇപ്പോള്‍ എല്ലാം വ്യക്തമാണ്. മുറ്റത്ത് ഒരു ചെറുപ്പക്കാരന്‍ . നല്ല ഉയരവും ആരോഗ്യവുമുള്ള ശരീരം . അയാളുടെ തോളില്‍ ഒരു കൊച്ചു പെണ്‍കുട്ടി തളര്‍ന്നുറങ്ങുന്നു . ഇരുവരുടെയും വസ്ത്രങ്ങള്‍ ചളിയില്‍ കുതിര്‍ന്നിരിക്കുന്നു. തലയിലേറ്റ മുറിവില്‍നിന്നോണം അയാളുടെ നെറ്റിത്തടത്തിലൂടെ രക്തം ചാല് തീര്‍ക്കുന്നു. ഒരു അപകടത്തെ അതിജീവിച്ചതിന്‍റെ എല്ലാ ലക്ഷണങ്ങളും ഉണ്ട്.
"ആരാണ് ചേട്ടാ "....അമ്മുവിനേയും തോളിലിട്ടു അനിത ഗ്രില്ലിനു പുറകില്‍ വന്നു നില്‍ക്കുന്നു.. അവളുടെ സ്വരം ഭയം കൊണ്ട് വിറങ്ങലിച്ചിരിക്കുന്നു.
"ശത്രുവല്ല , ഉപദ്രവിക്കാനുമല്ല . എന്റെ കയ്യില്‍ ആയുധവുമില്ല "
തന്‍റെ വലതു കയ്യിലെ ഇരുമ്പു ദണ്ടില്‍ ശ്രദ്ധിച്ചുകൊണ്ടാണ് അയാള്‍ അത് പറഞ്ഞത്. തോളില്‍ തളര്‍ന്നു കിടക്കുന്ന ആ കൊച്ചു പെണ്‍കുട്ടിയെ അയാള്‍ വരാന്തയില്‍ ഇറക്കി കിടത്തി.
"കുടിക്കാന്‍ കുറച്ചു വെള്ളം "
അനിതയെ നോക്കികൊണ്ടാണ്‌ ആ അപരിചിതന്‍ അത് ആവശ്യപ്പെട്ടത്. എന്‍റെ അനുമതിക്ക് പോലും കാത്തുനില്‍ക്കാതെ അനിത അകത്തേക്ക് ഓടി. അത്രയ്ക്ക് തീഷ്ണതയുണ്ടായിരുന്നു ആ നിര്‍ദ്ദേശത്തിന് .
"ഞാന്‍ സതീഷ്‌ , എനിക്ക് ബാലചന്ദ്രനെ അറിയാം" .
തനിക്ക് അഭിമുഖമായ് ഹസ്തദാനത്തിനായ് കൈകള്‍ നീട്ടി ഒരു അപരിചതന്‍ നില്‍ക്കുന്നു. നിലത്ത് ഒരു ബാലിക തളര്‍ന്നു കിടക്കുന്നു. എന്താണ് സംഭവിക്കുന്നത്‌ എന്ന് ഒന്നും വ്യക്തമാകുന്നില്ല. ഈ ഒരു സാഹചര്യത്തില്‍ ആദ്യം ചോദിക്കേണ്ട ചോദ്യം 'എന്തുപറ്റി നിങ്ങള്‍ക്ക്' എന്നാണ്. പക്ഷെ മുന്നില്‍ നില്‍ക്കുന്ന വ്യക്തിയില്‍ അപരിചിതത്ത്വം നിലനില്‍ക്കുന്നതിനാല്‍ ആ ചോദ്യം പുറത്തെടുക്കാന്‍ കഴിയുന്നുമില്ല .
വലതു കയ്യില്‍ നിന്നും ഇരുമ്പു ദണ്ട് ഉതിര്‍ന്നുവീണു. അപരിചിതന്‍റെ കൈകളിലേക്ക് കരതലം വച്ചുകൊടുക്കുമ്പോഴും എന്‍റെ കണ്ണുകളില്‍ സംശയം നിഴലിച്ചു നിന്നു. അതു തിരിച്ചറിഞ്ഞെന്നോണം അയാള്‍ തുടര്‍ന്നു .
"സംശയിക്കേണ്ട, എനിക്ക് ബാലചന്ദ്രനെ അറിയാം . നമ്മള്‍ ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട് ഒരു പത്ത് വര്ഷം മുന്‍പ്, ടയര്‍ ഫാക്ടറിയില്‍. രണ്ടു മാസം മാത്രം , ഞാന്‍ അന്ന് അപ്പ്രേന്റിസ്സ് ആയിരുന്നു. ആയിടക്കാണ് ബാലചന്ദ്രന്‍റെ വിവാഹം കഴിഞ്ഞത്. വിവാഹത്തിന് ഈ വീട്ടില്‍ അന്ന് ഞാനും പങ്കെടുത്തിരുന്നു."
വര്‍ഷങ്ങള്‍ക്കു പുറകിലേക്ക് ഒരു ഓട്ട പ്രദക്ഷിണം നടത്തുമ്പോള്‍ എവിടെയോ പരിചയത്തിന്‍റെ അവ്യക്തമായ ഒരു മിന്നലാട്ടം.
"എന്താണ് നിങ്ങള്‍ക്ക് സംഭവിച്ചത്." പുറത്തെടുക്കാന്‍ മടിച്ചു നിന്ന ആ ചോദ്യം എത്ര പെട്ടന്നാണ് പുറത്തു വന്നത്.
"വണ്ടി ഏക്സിഡെന്‍റ് ആയോ "?
ഒരു ദീര്‍ഘനിശ്വാസം അയാളില്‍ നിന്നും പുറത്തുവന്നു. ഒരിക്കല്‍കൂടി അയാള്‍ എന്‍റെ കൈകള്‍ ചെര്‍ത്തുപിടുച്ചു .
"വണ്ടിയല്ല , ഇവളാണ് ഒരു അപകടത്തില്‍പ്പെട്ടിരിക്കുന്നത്... അവര്‍ രണ്ടു പേര്‍ ഉണ്ടായിരുന്നു. ഒരു ഏറ്റുമുട്ടല്‍ തന്നെ വേണ്ടിവന്നു അവരില്‍ നിന്നും ഇവളെ രക്ഷപ്പെടുത്തിയെടുക്കുവാന്‍.. .. എന്നെ സഹായിക്കണം . എത്രയും പെട്ടെന്ന് നമുക്കിവളെ ഹോസ്പിറ്റലില്‍ എത്തിക്കണം."
ഒരു നിമിഷം ഞാന്‍ ഞെട്ടിത്തരിച്ചു നിന്നുപോയീ. അപ്പോഴാണ്‌ അയാള്‍ തറയില്‍ കിടത്തിയിരിക്കുന്ന ആ പെണ്‍കുട്ടിയെ ശ്രദ്ധിച്ചത്. കാഴ്ചയില്‍ ഏഴോ എട്ടോ വയസ്സ് പ്രായം വരും. വളര്‍ച്ചയില്‍ മകള്‍ അമ്മുവിനെ പോലെ തന്നെ ....
ഒരു ജഗ്ഗ് നിറയെ വെള്ളവുമായി അനിത ഓടിയെത്തി . ജഗ്ഗ് അയാള്‍ തട്ടിപ്പറിക്കുകയായിരുന്നു. ഉടനെ പെണ്‍കുട്ടിയുടെ തല തന്‍റെ മടിയില്‍ വെച്ച് ചളിയില്‍ കുതിര്‍ന്ന ആ കുരുന്നു മുഖം അയാള്‍ കഴുകിയെടുത്തു. . തണുത്ത വെള്ളം മുഖത്തു വീണപ്പോള്‍ അവളുടെ കണ്‍പോളകള്‍ ചെറുതായൊന്നു ഇളകി. കുറച്ചു വെള്ളം അവളുടെ ചുണ്ടത്തു ചേര്‍ത്തു വെച്ചു .
"എന്തു പറ്റി മോള്‍ക്ക്‌ ". അയാളെ സഹായിക്കാന്‍ മുന്നോട്ടു വന്ന അനിതയെ ഞാന്‍ തടഞ്ഞുനിര്‍ത്തി.
"രാജേട്ടനോട് പെട്ടെന്ന് വീട്ടിലേക്കൊന്നു വരാന്‍ പറയൂ"......അനിത അകത്തേക്ക് ഓടി.
ജഗ്ഗില്‍ ബാക്കിയുണ്ടായ വെള്ളം മുഴുവന്‍ അയാള്‍ തന്‍റെ ശിരസ്സിലേക്കൊഴിച്ചു. തലയിലെ മുറിവില്‍ നിന്നും ചാലുവീഴ്ത്തിയ രക്തപാടുകളെ വെള്ളം മായ്ച്ചു കളയുന്നു.
നിമിഷങ്ങള്‍ക്കുള്ളില്‍ അയല്‍പക്കത്തെ രാജേട്ടന്‍റെ വീട്ടില്‍ വിളക്കുകള്‍ തെളിഞ്ഞു.
"ഞാനിപ്പോള്‍ റെയില്‍വേയിലാണ്. എല്ലാ ദിവസവും ഇതുവഴിയാണ് ഞാന്‍ കടന്നുപോകുന്നത്. ഇന്ന് നൈറ്റ്‌ എക്സ്ട്ര ഡ്യൂട്ടിയുണ്ടായിരുന്നു. മഴയോഴിയുന്നതും കാത്തുനിന്നപ്പോള്‍ പിന്നെയും ഒരുപാട് വൈകി...പാടത്തേക്ക് തിരിയുന്ന റോഡ്‌ പാടേ തകര്‍ന്നു കിടക്കുന്നതിനാല്‍ വണ്ടി വേഗത കുറച്ചായിരുന്നു യാത്ര. പമ്പ് ഹൌസി നടുത്ത് എത്തിയപ്പോള്‍ ഒരു പെണ്‍കുട്ടിയുടെ കരച്ചില്‍ ഞാന്‍ കേട്ടു . വണ്ടി നിര്‍ത്തി ആ പരിസരം ഒന്നു നിരീക്ഷിച്ചപ്പോള്‍ പമ്പ് ഹൌസിനുള്ളില്‍ ചെറിയ വെളിച്ചം കാണ്ടു . അടുത്തു വന്നു നോക്കിയപ്പോള്‍ കണ്ട കാഴ്ച ".....
നടന്നതെന്താണെന്ന് ഏകദേശ രൂപം അയാള്‍ നല്‍കിയിരിക്കുന്നു.
രാജേട്ടന്‍ ഓടിക്കിതെച്ചെത്തി. കൂടെ ലക്ഷിയേടത്തിയും ഉണ്ട്.
നമുക്ക് ഹോസ്പിറ്റല്‍ വരെ പോണം. രാജേട്ടന്‍ എന്‍റെ കൂടെ വരണം .
രാജേട്ടന്‍റെ ഉത്കണ്ഠ നിറഞ്ഞ ചോദ്യങ്ങള്‍ക്ക് ഇടം കൊടുക്കാതെ ഞാന്‍ പറഞ്ഞു.
മോളെയും കൊണ്ട് ലക്ഷിയേടത്തിയുടെ കൂടെ പോയ്കൊളു. അനിതക്കുള്ള നിര്‍ദ്ദേശവും കൈമാറി..
കാറിന്‍റെ കീയും മൊബൈലും എന്‍റെ കൈയ്യില്‍ ഏല്പിക്കുമ്പോള്‍ ഒരു കാര്യം അനിത പ്രത്യേകം ഓര്‍മ്മപ്പെടുത്തി ,." മണികണ്ഠനെ വിളിക്കാന്‍ മറക്കരുത് ". വണ്ടി സ്റ്റാര്‍ട്ട് ആക്കുന്നതിനു തൊട്ടു മുന്‍പ് അത്രയും നേരം അമ്മയുടെ സാരിത്തുമ്പില്‍ ഭയന്നൊളിച്ചു നിന്ന അമ്മു വിറയാര്‍ന്ന ചുണ്ടുകളോടെ കരുതി വെച്ച ആ ചോദ്യം പുറത്തെടുത്തു.
"എന്താണച്ഛാ ഈ കുട്ടിക്ക് പറ്റിയത് "?
യാത്രയിലുടനീളം ഞാന്‍ തിരയുകയായിരുന്നു, മകള്‍ക്ക് നല്‍കാന്‍ പറ്റിയ നല്ലൊരു ഉത്തരത്തിനായ്.....

No comments:

Post a Comment

ട്രെൻഡ്

  അരുതെന്ന് പറ ഞങ്ങൾ ചെയ്തിരിക്കും. കയ്പെന്നു പറ ഞങ്ങൾ രുചിച്ചിരിക്കും. പൊള്ളും എന്നു പറ ഞങ്ങൾ പുണർന്നിരിക്കും. ദുഷ്ടൻ എന്നു പറ ഞങ്ങൾ കൂട്ട്...