Thursday, February 13, 2014

ഞാന്‍ ബി - നെഗറ്റീവ്





'എന്തു ഉറക്കമാടാ ഇത്' ...

മൊബൈലിന്‍റെ നിലക്കാത്ത റിംഗിംഗ് എന്‍റെ ഉറക്കം കളഞ്ഞു.  സമയം രാത്രി ഒന്നര.  മണികണ്ഠന്‍ ആണ് ലൈനില്‍.

"നിന്‍റെ ബ്ലഡ്‌ വേണം , ഒരു എമര്‍ജന്‍സി കേസ് . പെട്ടെന്ന് വരണം , മിഷന്‍ ഹോസ്പിറ്റലിലേക്ക്."...

ഞാന്‍ ബ്ലഡ്‌ കൊടുത്തിട്ട് ഇപ്പോള്‍ ...? ആ ചോദ്യം അവന്‍ തന്നെ പൂര്‍ണ്ണ മാക്കി.

ഏഴു മാസം പതിനൊന്നു ദിവസം .

'അസുഖം ഒന്നും ഇല്ലല്ലോ , ഞാന്‍ അവിടെ തെന്നെ കാണും"

ഒരു മണികണ്ഠന്‍ ഉണര്‍ന്നിരിക്കുമ്പോള്‍ ഈ ബി നെഗറ്റീവ്കാരന്‍റെ ഉറക്കം ഏതു നിമിഷവും നഷ്ടപ്പെടാം. അത് എനിക്കറിയാം.  ഇത് ആദ്യമായൊന്നുമല്ലല്ലോ..

പുറത്തു തിമിര്‍ത്തുപെയ്യുന്ന കര്‍ക്കിടകത്തിലെ മഴയെ കീറിമുറിച്ച് എന്‍റെ ബൈക്ക് മിഷന്‍ ഹോസ്പിറ്റലിനെ ലക്‌ഷ്യം വെച്ചു.

രക്തം കൊടുത്തു പുറത്തിറങ്ങും വരെ ആര്‍ക്കാണ് കൊടുക്കുന്നത് എന്നോ എന്താണ് സംഭവിച്ചത് എന്നോ എന്നെ അറിയിക്കരുത്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ എന്‍റെ രക്തം മറ്റൊരാളുടെ ശരീരത്തിലേക്ക് പ്രവേശിക്കാന്‍ ഉള്ളതാണ്. ഒരു അപകട വാര്‍ത്ത കേട്ട് സംഘര്‍ഷഭരിതമായ ആ മാനസികാവസ്ഥയില്‍ നിന്നാകരുത് എന്‍റെ രക്തം എടുക്കപ്പെടേണ്ടത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു എമര്‍ജന്‍സി കേസ് .. അത്രയേ പറയാവൂ. എന്‍റെ കല്പന ഇത്തവണയും അവന്‍ തെറ്റിച്ചില്ല .

ബൈക്കിന്‍റെ ശബ്ദം ദൂരെ നിന്നു തിരിച്ചറിഞ്ഞ അവന്‍ ആശുപത്രി ക്കുള്ളിലെ ആ തിരക്കില്‍ നിന്നും എന്‍റെ അരികിലേക്ക് ഓടിയെത്തി... കൈകള്‍ ചേര്‍ത്തു പിടിച്ചു, പിന്നെ നേരെ ലാബിലേക്ക് ...

കവലയിലെ  ഓട്ടോ ഡ്രൈവര്‍ ആയ മണികണ്ഠന്‍ കേവലം എന്‍റെ ഒരു സുഹൃത്ത് മാത്രമായിരുന്നില്ല . പകരം വെക്കാനില്ലാത്ത അര്‍പ്പണ ബോധമുള്ള വ്യക്തിത്വം കൊണ്ട് അവന്‍ എന്നും എനിക്ക് മാതൃകയായിരുന്നു.  ഗ്രാമത്തിലെ ഓരോ ദുരന്തഭൂമിയിലും , അപകടരംഗത്തും ഒരു മിന്നല്‍ പോലെ അവന്‍ പ്രത്യക്ഷപ്പെടുന്നു. സര്‍വ്വവും മറന്ന് ഒരു നിസ്വാര്‍ത്ഥ സേവനത്തിന്‍റെ മായിക ലോകത്ത് മണികണ്ഠന്‍ അങ്ങിനെ നിറഞ്ഞു നില്‍ക്കുന്ന കാഴ്ച ആരെയും അതിശയിപ്പിക്കുന്നതാണ്.

ആ കര്‍മ്മ നിരതമാകുന്ന ആ ജീവിതത്തിന്‍റെ രഹസ്യംതേടി ഒരിക്കല്‍ ഞാന്‍ തന്നെ അത് അവനോട് ചോദിക്കുകയുണ്ടായി.

ഒരു ഉദാഹരണം കൊണ്ട് അവന്‍ എനിക്ക് മറുപടി തന്നു .

നീ വടംവലി കണ്ടിട്ടുണ്ടോ ? രണ്ടറ്റത്തും തുല്ല്യശക്തി രൂപപ്പെടുമ്പോള്‍‍ വടം ഒരു നിശ്ചലതയെ സ്വീകരിക്കും . ജീവനും മരണവും തമ്മിലുള്ള ഒരു വടംവലി മത്സരം ആണ് ഓരോ ദുരന്ത മുഖവും. ആ നിശ്ചലതക്ക് ഒരു നിശ്ചിത സമയ ദൈര്‍‍ഘ്യമുണ്ട്. നമ്മളുടെ ചെറിയ ഒരു ഇടപെടല്‍‍ കൊണ്ട് മരണത്തെ പരാജയപ്പെടുത്താന്‍ കഴിയുമെങ്കില്‍‍ ...

രക്തം നല്‍കി ഞാന്‍ ലാബില്‍ നിന്നും പുറത്തേക്ക് വന്നു. എന്നെ കണ്ടതും കൈയ്യില്‍ കരുതിവെച്ച ഒരു ബോട്ടില്‍ ഓറഞ്ച് ജ്യൂസ്മായി അവന്‍ ഓടിയെത്തി . എന്നെ ആലിംഗനം ചെയ്തു . പിന്നെ ആ ആശുപത്രിയിലെ മങ്ങിയ വെളിച്ചമുള്ള ഇടനാഴിയിലേക്ക്‌ വിരല്‍ ചൂണ്ടി അവന്‍ പറഞ്ഞു . "നേരം വെളുത്തീട്ടു പോയാല്‍ മതി , ആ ഭാഗത്ത് ഒഴിഞ്ഞ ബഞ്ചുകള്‍ കാണും , അല്‍പനേരം കിടന്നോളൂ ., ഒരു ഡോണര്‍ കൂടി പുറപ്പെട്ടിട്ടുണ്ട് . ഞാന്‍ കാത്തു നില്‍ക്കുകയാണ്" . പറഞ്ഞു തീര്‍ന്നില്ല മണികണ്ഠന്‍റെ മൊബൈല്‍ റിംഗ് ചെയ്യാന്‍ തുടങ്ങി ...
അത് അവന്‍ തന്നെയാണ് , എത്തികഴിഞ്ഞു .
എനിക്ക് ഒരിക്കല്‍ കൂടി കൈ തന്ന് മണികണ്ഠന്‍ വീണ്ടും തിരക്കിലേക്ക് ഊളയിട്ടു ...

ഓപ്പറെഷന്‍ തിയറ്ററിനോട് ചേര്‍ന്നുള്ള ഒരു ഇടനാഴിയായിരുന്നു അത് . അരണ്ട വെളിച്ചത്തില്‍ അസ്വസ്തരായ്‌ കാണുന്ന ഓരോ മുഖങ്ങളും ഇരുന്നും നിന്നും കിടന്നും നിമിഷങ്ങള്‍ തള്ളിനീക്കുന്നു . സാമാന്യം വീതിയുള്ള ഒഴിഞ്ഞ ഒരു ബഞ്ചില്‍ ഞാന്‍ ഇടം കണ്ടെത്തി.
ഉറക്കം കണ്‍പോളകള്‍ക്ക് ഭാരം ഏറ്റുന്നു.

അല്പം മുന്‍പ് മണികണ്ഠനുമായി സംസാരിച്ചു നിന്നിരുന്ന ആ വ്യക്തിയെ ഞാന്‍ ശ്രദ്ധിച്ചിരുന്നു . ഇപ്പോള്‍ ഇതാ ആ കണ്ണുകള്‍ എനിക്ക് ചുറ്റും വട്ടമിട്ട് പറക്കുന്നു.  ഒറ്റനോട്ടത്തില്‍ ആള്‍ ഒരു മാന്യന്‍ ആണ് . അടുത്തു വന്ന് അയാള്‍ എന്നെ അടിമുടി ഒന്ന് ഒഴിഞ്ഞു. ഇരിക്കുവാനുള്ള ഇടം ആഗ്രഹിച്ചു വന്നതാകാം എന്ന ധാരണയില്‍ ബഞ്ചിന്‍റെ പാതിഭാഗം ഞാന്‍ മാറ്റി വെച്ചു . ഓപെറേഷന്‍ തിയറ്ററിനു മുന്നിലുള്ള തിരക്കിലേക്ക് തിരിച്ചു നടക്കുന്നതിനിടയിലും അയാള്‍ ഒരിക്കല്‍ കൂടി  എന്നെ പിന്തിരിഞ്ഞു നോക്കി. മനസ്സിന്‍റെ അടിത്തട്ടില്‍ എവിടെയോ ഒരു പരിചിതമുഖം ഒളിഞ്ഞു കിടക്കും പോലെ. കഷണ്ടി കയറിയ തലയില്‍ അല്പം നര വീണിരിക്കുന്നു. ഏതോ ഉയര്‍ന്ന പദവിയിലെ അഭിമാനവും അഹന്തയും കലര്‍ന്ന ആ ഉദ്യോഗഭാവം സദാ ഉയരത്തി പിടിച്ച തലയില്‍ അയാള്‍ എഴുതി വെച്ചിരുന്നു. എങ്കിലും അണക്കെട്ടില്‍ തടഞ്ഞു നിര്‍ത്തിയ വെള്ളത്തിന്‍റെ കനത്ത ഭാരം പോലെ ചുവന്നു തുടുത്ത അയാളുടെ കവിള്‍ത്തടങ്ങളില്‍ ദുഃഖം തളം കെട്ടി നില്‍ക്കുന്നു.

ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഉറക്കം എന്നെ പിടിച്ചുവലിക്കുന്നു .

ഇരുള്‍ വീണ ഓര്‍മ്മകളില്‍ ഒരു മിന്നല്‍ വെട്ടം.  ഇത് അയാള്‍ തന്നെ .....

വിഷ്ണു പ്രസാദിന്‍റെ വിവാഹചടങ്ങില്‍ വേദിയില്‍ വെച്ച് എനിക്ക് പരിചയപ്പെടുത്തിതന്ന വ്യക്തികള്‍ക്കിടയില്‍ നിന്നും മായാത്ത ആ മുഖം മനസ്സില്‍ ഓടിയെത്തി.  ഒരു തൊഴില്‍ രഹിതന്‍റെ പരക്കം പാച്ചിലിനിടയില്‍ ആണ് വിഷ്ണു പ്രസാദ്ന്‍റെ ( ജാതി പേര് കൂടെയുണ്ട് ) വിവാഹക്ഷണ പത്രം എന്‍റെ കൈയ്യില്‍ ലഭിക്കുന്നത്.  രണ്ടു വര്‍ഷത്തെ കോളേജ് ജീവിതം ഇഴ പിരിക്കാനാവാത്ത ഒരു നല്ല സുഹൃത്തിനെയാണ് എനിക്ക് നേടിത്തന്നത്.
ഒരു പി എച്ച് ഡി ഡോക്ടറുടെ എല്ലാവിധ ആര്‍ഭാടവും ബ്രാഹ്മണ സമുദായത്തിന്‍റെ പ്രൌഡിയും വിളിച്ചറിയിക്കുന്ന ഒരു വിവാഹം തന്നെയായിരുന്നു അത്.  ഹാളില്‍ എന്നെ കണ്ടതും സ്റ്റേജില്‍ നിന്നും  അവന്‍ ഇറങ്ങിവന്നു, എന്‍റെ കൈകള്‍ ചേര്‍ത്തുപിടിച്ചു . വിവാഹ വേദിയില്‍ വെച്ച് വിശിഷ്ട വ്യക്തികളേയും ബന്ധു ജനങ്ങളുടെ മുന്നിലും അവന്‍ എന്നെ പരിചയപ്പെടുത്തി. എന്നാല്‍ ഒരു പുഞ്ചിരിപോലും പുറത്തെടുക്കാന്‍ കഴിയാത്ത ആ സവര്‍ണ്ണ സംസ്കാരത്തിന്‍റെ വര്‍ണ്ണ ചിന്തകള്‍ അപ്പോള്‍ ഞാന്‍ ഉടുത്തിരിക്കുന്ന വെളുത്ത മുണ്ടിലും സുഹൃത്തിന്‍റെ വിരലുകള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്ന എന്‍റെ കറുത്ത കൈയ്യിലും ശ്രദ്ധയൂന്നി നില്‍ക്കുന്ന കാഴ്ചയില്‍ എന്‍റെ മനസ്സ് തെല്ലൊന്നു പിടഞ്ഞു

ഭക്ഷണ ശാലയില്‍ വിഭവ സമൃദ്ധമായ സദ്യ.  ഒഴിഞ്ഞ ഒരു കസേരയില്‍ ഞാന്‍ ഇടം കണ്ടെത്തി.  ഞാന്‍ ഇരുന്നതും അടുത്തിരിക്കുന്ന വ്യക്തി ഞെട്ടിയെണീറ്റതും ഒപ്പമായിരുന്നു. എനിക്ക് നേരെ തീ പാറുന്ന നോട്ടം സമ്മാനിച്ച്‌ ചുണ്ടുകളില്‍ ഏതോ നാമമന്ത്രങ്ങള്‍ ജപിച്ച് അയാള്‍ അതിവേഗം പുറത്തേക്ക് നടന്നു.

തിരിച്ചിറങ്ങുമ്പോള്‍ മനസ്സിനുള്ളില്‍ ഒരു നീറ്റല്‍.  കോപം കൊണ്ട് ജ്വലിച്ചു നില്‍ക്കുന്ന ആ കഷണ്ടിക്കാരന്‍റെ കണ്ണുകള്‍ ഒരു നിഴല്‍ പോലെ എന്നെ പിന്തുടരുന്നു . വരേണ്ടിയിരുന്നില്ല...

ഹ്രസ്വ ഉറക്കം പാതിയില്‍ മുറിഞ്ഞു.

കാലുകളില്‍ ഒരു ഇളംചൂട് അനുഭവപ്പെടുന്ന പോലെ. എന്‍റെ പാദങ്ങളെ തഴുകി ഏതോ ഒരു കൈവിരല്‍ സ്പര്‍ശം കടന്നു പോകുന്നു.... ഉറക്കത്തില്‍ അല്ല എന്ന് ഉറപ്പിച്ചു ഉണരുമ്പോള്‍ ഞാന്‍ കണ്ടു.. ഇടനാഴിയുടെ അരണ്ട വെളിച്ചത്തില്‍ ഒരാള്‍ നടന്നു നീങ്ങുന്നു ..

പുറത്ത് കിളി കൊഞ്ചലുകള്‍ കേള്‍ക്കാന്‍ തുടങ്ങി.
അടുത്തുള്ള ഏതോ ക്ഷേത്രത്തില്‍ നിന്നും സുപ്രഭാത ഗീതം കാതുകളിലേക്ക് ഒഴുകിയെത്തുന്നു..
കൌസല്യാ സുപ്രജ രാമ .......
ഉത്തിഷ്ഠ നര ശാര്ദുല .......











No comments:

Post a Comment

ട്രെൻഡ്

  അരുതെന്ന് പറ ഞങ്ങൾ ചെയ്തിരിക്കും. കയ്പെന്നു പറ ഞങ്ങൾ രുചിച്ചിരിക്കും. പൊള്ളും എന്നു പറ ഞങ്ങൾ പുണർന്നിരിക്കും. ദുഷ്ടൻ എന്നു പറ ഞങ്ങൾ കൂട്ട്...