Monday, February 24, 2014

മരണം ഇവിടെ മംഗളമാകുന്നു ..





തമിഴ് നാട്ടിലെ ഒരു മരണവീടാണ് ചിത്രത്തില്‍ . . വാദ്യ ഘോഷങ്ങളാല്‍ ശബ്ദ മുഖരിതമായ അന്തരീക്ഷം . മൃതദേഹത്തെ ചുടുകാട്ടിലേക്ക് ആനയിക്കുന്നതും ആഘോഴപൂര്‍വ്വം തന്നെ . ശോക മൂകമായ അന്തരീക്ഷത്തില്‍ ഒരു കൂട്ടക്കരച്ചിലിന്‍റെ അകമ്പടിയോടെ മരണത്തെ കണ്ടു പരിചയിച്ച എന്നിലെ മലയാളിക്ക് തമിഴ് ജനതയുടെ ഈ ഒരു ആചാരം ഉള്‍ക്കൊള്ളുവാവുന്നതിലും അപ്പുറത്തായിരുന്നു .

ഇതെങ്ങിനെ സാധിക്കുന്നു..?

തമിഴന്‍റെ അറിവില്ലായ്മ എന്ന് പരിഹസിച്ചു ചിരിക്കാന്‍ പല മലയാള സിനിമകളിലും ഇടം പിടിച്ചെടുത്തു ഈ ആചാരം .

ഇത് അറിവോ, അറിവില്ലായ്മയോ ?

ഞാനെന്നും എന്‍റെതുമെന്നുള്ള അഹം ബോധത്തില്‍ ബന്ധമെന്ന അജ്ഞാതമായ ചരടുകൊണ്ടു നാം ഓരോരുത്തരേയും കൂട്ടികെട്ടുന്നു . ആ ചരട് മുറിയുന്ന നിമിഷം നമ്മില്‍ ഏല്‍പിച്ച വിടവ് ഒരു കനത്ത നഷ്ടമായ് മനസ്സില്‍ നിറയുന്നു . ആ നഷ്ടം മനസ്സില്‍ ഉറപ്പിക്കും വരെ ആ ദുഃഖം കണ്ണീരായ് നിറഞ്ഞുനില്‍ക്കും . ആ ചരട് നമ്മളുടെ കല്പനയാണ് . ഒരിക്കല്‍ അത് മുറിയും . ഈ ശരീരത്തെ ചൈതന്യ വത്താക്കിയ ജീവന്‍ ഒരു ദിനം ഈ ശരീരം വെടിഞ്ഞു പോകും . അത് യാഥാര്‍ത്ഥ്യം ആണ് . ഈ ഉയര്‍ന്ന ഉള്‍കാഴ്ച തമിഴന്‍ നേരത്തെ സ്വായത്തമാക്കിയിരിക്കുന്നു. ജീവിച്ച കാലമത്രയും ചെയ്ത കര്‍മ്മങ്ങളെ , നന്മകളെ നന്ദിയോടെ സ്മരിക്കാന്‍ മരണം ഒരു മുഹൂര്‍ത്തമാകുന്നു . ദുഃഖത്തില്‍ ചാലിച്ചു കൊണ്ടല്ല അഗ്നിക്കോ ഭൂമിക്കോ ശരീരം സമര്‍പ്പിക്കേണ്ടത്
ഇദം ന: മമ
മരണത്തില്‍ മലയാളി മറന്നു പോകുന്നതും തമിഴ് മക്കള്‍ ഓര്‍ത്തുവക്കുന്നതും ഈ ഒരു മന്ത്രം തന്നെ .

No comments:

Post a Comment

ട്രെൻഡ്

  അരുതെന്ന് പറ ഞങ്ങൾ ചെയ്തിരിക്കും. കയ്പെന്നു പറ ഞങ്ങൾ രുചിച്ചിരിക്കും. പൊള്ളും എന്നു പറ ഞങ്ങൾ പുണർന്നിരിക്കും. ദുഷ്ടൻ എന്നു പറ ഞങ്ങൾ കൂട്ട്...